This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വീഡ് നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്വീഡ് നദി

Tweed river

ആസ്റ്റ്രേലിയയിലെ ന്യൂ സൗത് വെയ് ല്‍സിലുള്ള ഒരു നദി. ഇത് ന്യൂ സൗത് വെയ് ല്‍സിന്റെ വ.കിഴക്കേയറ്റത്തുകൂടി ഒഴുകുന്നു. മൂന്നു പോഷകനദികള്‍ ചേര്‍ന്നാണ് ട്വീഡ് നദി രൂപംകൊള്ളുന്നത്. ഇതില്‍ ഉത്തരശാഖയും, മധ്യശാഖയും മക്ഫേഴ്സണ്‍ നിരകളില്‍നിന്നുമുദ്ഭവിക്കുന്നു; ദക്ഷിണശാഖ ട്വീഡ് നിരകളില്‍നിന്നും. സംസ്ഥാനത്തെ മുഖ്യ കരിമ്പുത്പാദന മേഖലകളിലൊന്നാണ് ട്വീഡ് നദിയുടെ താഴ്വാര പ്രദേശം. വിശാലമായ വാഴത്തോപ്പുകളും ഇവിടെ കാണാം. കന്നുകാലി വളര്‍ത്തല്‍, പാലുത്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയവ മുഖ്യവ്യവസായങ്ങളാകുന്നു. ഉയരംകൂടിയ പ്രദേശങ്ങളില്‍ സമ്പദ്ഘടനയില്‍ പ്രാമുഖ്യം വനത്തിനും, തടിയുത്പന്നങ്ങള്‍ക്കുമാണ്. വിനോദസഞ്ചാരവും മുഖ്യവ്യവസായം തന്നെ.

2. തെക്കന്‍ സ്കോട്ലന്‍ഡിലൂടെയും വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലൂടെയും ഒഴുകുന്ന ഒരു നദി. സ്കോട്ലന്‍ഡിലെ തെക്കന്‍ ഉന്നതതടങ്ങളില്‍ നിന്നുമുദ്ഭവിക്കുന്ന ഈ നദിക്ക് ഉദ്ദേശം 156 കി.മീ. നീളമുണ്ട്.

ട്വീഡ് നദി

സ്കോട്ലന്‍ഡിലെ തെക്കന്‍ ഉന്നതതടങ്ങളുടെ കിഴക്കന്‍ ഭാഗങ്ങളെ ജലസിക്തമാക്കുന്നത് ട്വീഡ് നദിയാണ്. ട്വീഡ്സ് മ്യൂര്‍ കുന്നുകളില്‍ നിന്നുമുദ്ഭവിക്കുന്ന ഈ നദി പ്രധാനമായി കി.-വ. കി. ദിശകളിലാണ് ഒഴുകുന്നത്. നദിയുടെ ലോയര്‍ഘട്ടത്തില്‍ വരുന്ന ഭാഗങ്ങളാണ് സ്കോട്ലന്‍ഡിനും ഇംഗ്ലണ്ടിനുമിടയിലുള്ള അതിര്‍ത്തി പ്രദേശം. യാരോ-എട്രിക് വ്യൂഹം, ഗാലാവാട്ടര്‍ നദി, ടെവിയട് നദി എന്നിവ ഇതിന്റെ മുഖ്യപോഷകനദികളില്‍പ്പെടുന്നു. ബെറിക് അപോണ്‍ റ്റ്വീഡ് എന്ന സ്ഥലത്തുവച്ച് ട്വീഡ് നദി നോര്‍ത്സീയില്‍ പതിക്കുന്നു. ഏതാണ്ട് 4860 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്ന ട്വീഡ് നദിയിലെ ജലഗതാഗതം മുഖ്യമായി ബെറിക് പ്രദേശത്ത് ഒതുങ്ങിയിരിക്കുന്നു. നദിയുടെ പതനഭാഗത്തിനടുത്തുള്ള ഏതാണ്ട് 10 കി.മീ. ദൂരം മാത്രമേ ഗതാഗതത്തിന് ഉപയുക്തമാകുന്നുള്ളു. ആടു വളര്‍ത്തല്‍, കൃഷി എന്നിവയാണ് ട്വീഡ് താഴ്വാരത്തിലെ മുഖ്യ ഉപജീവന മാര്‍ഗങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍